Saturday, September 30, 2023

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക

കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ

പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം,

കളഞ്ഞുപോയ എൻ്റെ പൊതി ചോറ്

ഞാനൊന്ന് തിരഞ്ഞോട്ടേ ?

പോകാൻ ദൂരം ഇനിയും

ഒരു പാടുണ്ടെനിക്ക്....

Sunday, September 24, 2023

ഓട്ടം

 ഞാനും നിങ്ങളും ഓട്ടത്തിലാണ്...

വിശ്രമമില്ലാത്ത ഓട്ടം..

ചിലരൊക്കെ വയറു നിറയ്ക്കാനും 

മറ്റു ചിലർ വയറു കുറയ്ക്കാനും.

പുതിയ മേച്ചിൽ പുറങ്ങൾ തേടി ഓടുന്നവർ

കൂടുതൽ വെട്ടിപ്പിടിക്കാൻ ഓടുന്നവർ


എല്ലാം കണ്ട് ,

നമുക്ക് മുന്നേ ഓടിതളർന്നവർ 

മണ്ണിനടിയിൽ കിടന്നു ചിരിക്കുന്നുണ്ടാകും ....



ഭ്രാന്ത്

 

ബോധത്തിനും അബോധത്തിനും ഇടയ്ക്കുള്ളൊരു നൂലിഴ പാലത്തിലാണ്  ഞാനിപ്പോൾ 

ഇടയ്ക്കൊക്കെ തെന്നി വീഴുന്നുണ്ട് 

മറവിയുടെ അഗാധ ഗർത്തങ്ങളിലേക്ക്

Wednesday, February 16, 2022

യാത്ര

 എനിക്കൊരു ഒരു യാത്ര പോകണം

തനിയെ ഒരു യാത്ര പോകണം 

മനം മടുപ്പിക്കുന്ന ബില്ലിംഗ് റിപ്പോർട്ടുകൾ ഉപേക്ഷിച്ച്

രക്ത സമ്മർദ്ദം സമ്മാനിച്ച ഫോൺ കോളുകൾ ഉപേക്ഷിച്ച് 

ബന്ധങ്ങളുടെ ബന്ധനങ്ങൾ ഉപേക്ഷിച്ച്,

മടിയിലെ കനം നോക്കി കൂട്ടുകൂടുന്ന കപട സൗഹൃദങ്ങൾ ഉപേക്ഷിച്ച്

പറയാതെ ബാക്കി വെച്ച പ്രണയമുപേക്ഷിച്ച്

അങ്ങിനെ അങ്ങിനെ എല്ലാം ഉപേക്ഷിച്ച്,

എല്ലാമെല്ലാം ഉപേക്ഷിച്ച്......

ബാധ്യതയുടെ കണക്കു പുസ്തകംതുറക്കാത്ത

 ഒരു പുലരിയെങ്കിലും

 കണികണ്ടുണർന്നൊരു യാത്ര....

....اصير للحقي في صيري حبيبا

The journey to the beloved....

The journey to the truth.....





Monday, January 31, 2022

മോഹ പക്ഷി


അരുതെന്ന് പറഞ്ഞിട്ടും 

അടക്കി നിർത്തിയിട്ടും

അനുസരണക്കേട് കാട്ടി,

കൂട് തുറന്ന് പുറത്തു വരുന്നുണ്ട്,

മനസ്സിലെ മോഹക്കിളികൾ.

അരുതാത്തതെന്തൊക്കെയോ കൊത്തി പെറുക്കാൻ.

                     



Friday, December 24, 2021

മുറിവ്...

സ്നേഹം

ഈറൻ വയലറ്റ് നിറമുള്ള ലില്ലി പൂക്കളെ
പൂക്കളുടെ രാജകുമാരികളേ 

കരളിൽ ഉണങ്ങാതെ കാക്കുന്ന കാഞ്ഞിരത്തിന്റെ മുറിവുകളിൽ

തേൻ പുരട്ടാൻ നീ വരുമോ...?

വിരഹം

 പറയാതെ ബാക്കിവെച്ച  എൻ്റെ നഷ്ട പ്രണയമേ....

മൈലാഞ്ചി ചെടികൾ തണൽ വിരിക്കുന്ന

പള്ളിക്കാട്ടിലെ നനവാർന്ന മീസാൻ കല്ലുകൾക്ക്  മീതെ

ഞാൻ എന്റെ സ്നേഹത്തിന്റെ വാക്കുകൾ നിന്നോട് പറയട്ടെ

പ്രാർത്ഥന 

പ്രിയമുള്ളവനേ 

ആറടി മണ്ണിലൊരുക്കിയ മണിയറയിൽ

ഏകാകിയായ് ഞാൻ ഉറങ്ങുമ്പോൾ

എന്നെ നീ വന്നുണർത്തീടണം.

നിന്റെ കാലടിയൊച്ചക്കായ് 

ഞാൻ കാതോർത്തിരിക്കാം...









Friday, October 17, 2014

ചങ്ങായി കുറി


 
 

                                                                                                                 
പോസ്റ്റ്‌ കാര്‍ഡിന്റെ വലിപ്പത്തില്‍ വെള്ള കട്ടി പേപ്പറില്‍ അച്ചടിച്ചു വന്നിരുന്ന ഇത്തരം ക്ഷണകത്തുകള്‍ ഒരു പക്ഷെ ഇന്നത്തെ തലമുറ കണ്ടിട്ട് പോലുമില്ലായിരിക്കും .


അന്ന് ബ്ലേഡ് കാരും കൊള്ളപലിശക്കാരും നാട്ടിലില്ലായിരുന്നു.
കൂണുപോലെ മുളച്ചു പൊന്തിയ പണ്ടം പണയം ബോര്‍ഡുകളും കുറവായിരുന്നു . അന്ന് വേലായുധനും കരീമുമൊക്കെ ഏകോദര സഹോദരങ്ങളെ പോലെയായിരുന്നു . അവര്‍ക്കിടയില്‍ പള്ളിയും അമ്പലവുമൊന്നും ചര്‍ച്ചാ വിഷയങ്ങല്ലായിരുന്നു.

മനസ്സുകളില്‍ നന്മ മാത്രം കൊണ്ടുനടന്നിരുന്ന തനി നാടന്മാരെ കുറിച്ചും നാട്ടിന്‍പുറത്തെ കുറിച്ചുമാണ് പറഞ്ഞു വരുന്നത് .
പെണ്‍കുട്ടിയുടെ കല്യാണത്തിന് അതുമല്ലെങ്കില്‍ വീടിന്‍റെ മേല്‍കൂര മേയുന്നതിന് അല്ലെങ്കില്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മറ്റെന്തെങ്കിലും
ആവശ്യത്തിന് പരസ്പരം കൊണ്ടും കൊടുത്തും അവര്‍ കൊണ്ടു നടന്നിരുന്ന
ചങ്ങാതി കുറികള്‍ , സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദമെടുതിട്ടൊന്നുമല്ലായിരുന്നു.
പരസ്പരം അറിഞ്ഞു കൊണ്ടുള്ള കൈവായ്പകളായിരുന്നു ചങ്ങാതി കുറികള്‍ .
നാട്ടിന്‍ പുറത്തെ ഏതെങ്കിലും ചായകടകളിലായിരിക്കും ചങ്ങാതി കുറികള്‍ സംഘടിപ്പിക്കുക . ഒരു കുറിക്കാരന് ഒരു ചായയും കടിയും കുറി നടത്തുന്ന
ആള്‍ ആതിഥ്യമര്യാദ യായി നല്‍കും . കടക്കാരനും ഉത്സാഹമാണ് .അന്നത്തെ കച്ചവടം ഉഷാറാകും . നാട്ടില്‍ അത്യാവശ്യം എഴുത്തും വായനയുമൊക്കെ ഉള്ളയാളായിരിക്കും 'വരി' എഴുതാന്‍ ഇരിക്കുന്നത്.
വലിയൊരു നോട്ടു ബുക്കില്‍ അക്കമിട്ടു കുറിക്കു വരുന്നവരുടെ മേല്‍വിലാസവും തുകയും കൃത്യമായി എഴുതി വെക്കും .
കുറിക്കു വരുന്നവരെയും അല്ലാത്തവരെയും കുറി നടത്തുന്ന ആള്‍ക്ക് നിശ്ചയമുണ്ടായിരിക്കും . കുറി യിലേക്ക് ഒരാളെത്തിയാല്‍ ' ഒരു കുറിച്ചായ ഒരു കടി ' എന്നയാള്‍ വിളിച്ചു പറയും . മൊത്തം എത്ര ചായയും കടിയും പോയോ അതിന്റെ പണം കടക്കാരനും  ലഭിക്കും .
ഇതിനിടയില്‍ രണ്ടു ചായയും കടിയും വാങ്ങുന്ന വിരുതന്മാരുമുണ്ട് .
ഒരാള്‍ക്ക്‌ കുറിക്കു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്‍റെ സുഹൃത്തിന്റെ കയ്യില്‍ കുറി പണം കൊടുത്തു വിടും .ഒരു കുറിക്കു ഒരു ചായ എന്നാണു കണക്ക്. അതു കൊണ്ടു തന്നെ  സുഹൃത്ത് അയാളുടെയും കൂട്ടുകാരന്റെയും  ചായകള്‍
ചോദി ച്ചു വാങ്ങുന്നതും കാണാം
അതെല്ലാം തികച്ചും നിര്‍മ്മലമായ തമാശകളായിരുന്നു .
കുറിക്കു ലഭിച്ച പണം തിരിച്ചും നല്‍കണം . പക്ഷെ അതു മൊത്തമായി നല്‍കേണ്ടതില്ല .അടുത്ത ആള്‍ കുറി നടത്തുംപോഴോ , അല്ലെങ്കില്‍ കുറി ചേര്‍ത്തു പോയ ആളിന്റെ വീട്ടില്‍ വല്ല ആവശ്യങ്ങളും ഉണ്ടാകുംപോഴോ ആണ് അതു മടക്കി നല്‍കുക .
തന്ന തുകയില്‍ നിന്നും അല്‍പ്പം കൂടി കൂട്ടിയാണ് മടക്കുമ്പോള്‍ നല്‍കുക .
ഇനി ഭാവിയില്‍ കുറി നടത്തുമ്പോള്‍ അധികം നല്‍കിയ തുക തിരികെ ലഭിക്കുകയും ചെയ്യും . ഒരാള്‍  താന്‍ കൊടുക്കാനുള്ള തുകയോ അല്ലെങ്കില്‍ ഒരു രൂപ കൂടുതലോ കൊടുത്താല്‍ അയാള്‍ കുറി അവസാനിപ്പിക്കുകയാണെന്നു മനസ്സിലാക്കാം .
പലിശയുടെ നീരാളി പിടുത്തമില്ലാതെ പണത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്‍തലമുറ കൊണ്ടു നടന്നിരുന്ന ഇത്തരം സാമ്പത്തിക വ്യവസ്ഥികള്‍ നിലച്ചു പോയത്  ഗള്‍ഫ് കുടിയേറ്റം മൂര്‍ധന്യാവസ്ഥയിലായപ്പോഴാണ്.
ഗള്‍ഫ് മോടിയുടെ പളപളപ്പില്‍ ഇത്തരം കുറികളൊക്കെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ശൈമെടായി' പോയി

പിടിച്ചു നില്‍ക്കാന്‍ ഗതിയില്ലാത്ത സാധാരണക്കാരന്റെ നിസ്സഹായതയെ ചൂഷണം ചെയ്യാന്‍  പണ്ടം പണയം ബോര്‍ഡുകള്‍ മുളച്ചു പൊന്തി .
അവിടെയും നിന്നില്ല . തമിഴരും മാര്‍വാടികളുമൊക്കെ നാട്ടിന്‍ പുറത്തെ
അന്ന ദാദാക്കളായി . പകരം അസമാധാനവും ആത്മഹത്യയുമൊക്കെ നാട്ടിന്‍ പുറത്തിന്റെ വിശുദ്ധിയെ കെടുത്തി .
ഇന്നിപ്പോള്‍ ഏതൊരു ഗ്രാമവും ചെറിയൊരു ടൌണ്‍ഷിപ്പായി വളര്‍ന്നു.
അതോടൊപ്പം കോര്‍പറേറ്റ് പലിശക്കാരും.
അലക്കി തേച്ചു വടിയാക്കി നിര്‍ത്തിയ മുണ്ടും ഷര്‍ട്ടും ,കയ്യില്‍ സ്വര്‍ണ്ണ ചങ്ങലയും പള്‍സര്‍ ബൈക്കുമായി വരുന്ന നാടന്‍ മാര്‍വാടിമാര്‍ മുതല്‍
വന്‍ കിട ബാങ്കുകള്‍  വരെ സാധാരണ നാട്ടിന്‍പുറങ്ങളില്‍ നിങ്ങളെ സേവിക്കാന്‍ തയ്യാറായി നില്‍കുമ്പോള്‍ ഈ പഴം പുരാണം ഒരു പക്ഷെ  നിങ്ങള്‍ക്ക് അരോചകമായി തോന്നിയേക്കാം . ക്ഷമിചേക്കുക .

വാല്‍ കഷ്ണം :

ആറാം ക്ലാസില്‍ പഠിക്കുംപോഴാണ്,
ഇളയുമ്മ അസ്വസ്ഥമായ മനസ്സോടെ മുന്‍വശത്തിരുന്നു ദൂരേക്ക്‌ നോക്കി കൊണ്ടിരിക്കുന്നു ,അവരെന്തോക്കെയോ പ്രാര്‍ഥിക്കുന്നുണ്ട് .
കല്യാണി ചേച്ചിയുടെ ചായകടയില്‍ അന്ന് ഉപ്പയുടെ  കുറിയാണ് .
കുറിക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക ഉപ്പയുടെ രീതിയാണ് . ഇറച്ചിയും പൊറോട്ടയുമാണ് .
നേരം വൈകീട്ടും ആരും വീട്ടിലെക്കെത്തിയിട്ടില്ല .
അങ്ങിനെയിരികുമ്പോള്‍ പാടത്ത് നിന്നും പെട്രോള്‍മാക്സിന്‍റെ വെളിച്ചം
കണ്ടു തുടങ്ങി . ഞാനാണെങ്കില്‍ ആകാംഷാഭരിതനായി കാത്തിരിക്കയാണ് .
കുറിക്കു ബാക്കി വന്ന ഇറച്ചിയും പൊറോട്ടയുമാണെന്റെ കാത്തിരിപ്പിന്റെ ലക്ഷ്യം . ഉപ്പയുടെ സില്‍ബന്ധികളും ജേഷ്ഠനും കൂടി കയറി വന്നു . അവരുടെ കയ്യില്‍ കാലി പാത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് . എന്നിലെ കൊതിയന്
സഹിച്ചില്ല , ഇതേ ഉള്ളൂ , ഒന്നും ബാകിയില്ലേ ,
ചോദിച്ചത് ഉറക്കെ തന്നെയായിരുന്നു .

അതു തീര്‍ന്നിട്ട് ഉപ്പാക്ക് ആവശ്യത്തിനുള്ള പൈസ കിട്ടാന്‍ പ്രാര്‍ഥിക്ക് , ഇളയുമ്മ ശാസിച്ചു .

തൊട്ടു പിന്നില്‍ ഉപ്പയും മറ്റുള്ളവരും കയറി വന്നു.
അവരുടെ കയ്യില്‍ വലിയ പാത്രങ്ങളും അവ നിറയെ ഇറച്ചിയും പൊറോട്ടയും . 'കുറിക്ക് വിളിച്ചവരില്‍ ഭൂരി ഭാഗവും വന്നില്ല' . അതു പറയുമ്പോള്‍ ഉപ്പയുടെ കണ്ഠമിടറിയിരുന്നോ ?
ഓര്‍മ്മയിലെ അവസാനത്തെ ചങ്ങാതി കുറിയായിരുന്നു അത്.
കണ്ണീരോടെ കുടിച്ച  അവസാനത്തെ കുറി ചായയും .

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...